ഈ വഴി ഇനിയും...

Friday, December 31, 2010

ആദ്യത്തെ വാതിൽ

ചില രാത്രികളിൽ അത്
അടയാൻ അമാന്തിക്കുന്നു
കണ്ണീരിൽ കുളിച്ചാലും
സ്വപ്നത്തിൽ ജ്വലിച്ചാലും
ക്ഷീണത്തിൽ നനഞ്ഞാലും
ഒരേ അമാന്തം.


നന്മയിൽ ചാരിയാലും
തിന്മയിൽ തള്ളിയാലും
അതേ അമാന്തം.


ഒന്നിമ ചിമ്മിയാൽ മതി,
സംഗീതമാവാൻ കൊതിക്കുന്ന
കിളിയുടെ ജീവിതത്തിലേക്ക്
കൺ തുറക്കാൻ.

എല്ലാ മനുഷ്യർക്കും എന്റെ പുതുവ(ഹ)ർഷം


Thursday, November 4, 2010

കാലങ്ങൾ

ണ്ട്
നിറഞ്ഞൊഴുകും പുഴയുടെ തീരത്തിരുന്ന്
നീ പറഞ്ഞു
പാലമില്ലാതെയും പുഴ കടക്കാമെന്ന്
പൂവില്ലാതെയും പൂക്കാലമുണ്ടാവുമെന്ന്
നിറയാതെയും തുളുമ്പാമെന്ന്
ചിറകില്ലാതെയും ഉയരാമെന്ന്
നിശബ്ദം പാടാമെന്ന്

പ്പോൾ
ഇവിടെ ഒരു പുഴയുണ്ടായിരുന്നോ
എന്ന് നമ്മൾ അതിശയപ്പെടുന്നു
മഴയില്ലാതെയും
മരമില്ലാതെയും
പുഴയില്ലാതെയും
നമ്മൾ കാലം തെറ്റി നിൽക്കെ
നീ എന്നിൽ നിന്നും
ഞാൻ നിന്നിൽ നിന്നും
തൊട്ടെടുക്കുന്നു
നിറം മങ്ങിയ ഒരു മഴവില്ല്

പ്രകൃതിയും ഞാനും

ഇടിമിന്നൽ കൂടു കൂട്ടാനിടം തേടിയത്
പഴയൊരീ വീടിൻ ചുമരിൽ
മഴക്കഭയമായത് അടുക്കളയിലെ ഈ ഓട്ടു പാത്രം
മഞ്ഞലകൾ തണുപ്പകറ്റിയതീ ഈ മേനിച്ചൂടിൽ
കാറ്റൊരീണം തേടിയതെൻ തുളയില്ലാ കാതിൽ
നിലാവ് നിഴൽ വീഴ്ത്തിയതെൻ പാതി നഗ്നതയിൽ
വെയിലോടിക്കളിച്ചതെൻ മുറിയിലും മുറ്റത്തും............


അകത്തും പുറത്തും
ഞാനെന്റെ പ്രകൃതിയെ വളർത്തുന്നു
ചിറകുകളില്ലെങ്കിലും
ഒരാകാശത്തെ ഞാൻ ഗർഭം ധരിക്കുന്നു
എന്റെ മേച്ചിൽ സ്ഥലങ്ങൾ എന്നിൽ തന്നെ
പരന്നുകിടപ്പുണ്ട്.

Saturday, August 7, 2010

ഞാന്‍

മുകിലിന്‍ വസന്തങ്ങളില്‍ നിന്നും,
മഴ
മുടിയില്‍ തിരുകിയ
പൂമൊട്ടില്‍
ഭൂമിക്കുള്ള
കൌതുകമാണു ഞാന്‍

Monday, July 5, 2010

ഒറ്റ നിമിഷം









ഓരോ ഉണര്‍ച്ചയും ഓരോ ജന്മമാണ്
ഉണര്‍വ്വിന്റെ ആദ്യനിമിഷത്തെ
നിശൂന്യത
ഇന്നലെ, നാളെ
എന്നൊന്നില്ലാതെ
സ്വതന്ത്രമായത്
ചെറുതെങ്കിലും ദീപ്തം
കുട്ടിക്കാലം മഴയിലേക്കെന്ന പോലെ അനിയന്ത്രിതം.
വിടര്‍ന്നിരിക്കാം
പിറന്ന കുഞ്ഞിന്റെ നിര്‍ഭാരത്തില്‍
പിന്നെ ഒച്ചയും പകര്‍ച്ചയുമായി
വരവായി,ഓരോന്നും.
ഒടുവില്‍ കനത്തോടെ നിലം പൊത്തുന്നു......
ഓരോ ദിവസവും
ഓരോ ജന്മമാണ്.

Tuesday, June 22, 2010

പ്രകൃതി എന്ന പെണ്‍കുട്ടി



പൂമരക്കൊമ്പ്
ചിണുങ്ങി നിന്ന ഊഷരമായ കാറ്റ്
ചിരി കൂമ്പിയ പൂവ്
വരണ്ട ഭൂമിക
ഘനീഭവിച്ച ആകാശം
ചുളിഞ്ഞു കിടന്ന കിഴവന്‍ കാള
വരണ്ട പൊയ്കയില്‍ സൂര്യനെ ധ്യാനിച്ച താമര
അതിലേ വഴി തെറ്റിയെത്തിയ
പെണ്‍കുട്ടി
മരത്തേല്‍ ഒന്നു തൊട്ടു
പൂക്കളെ നോക്കി
ആകാശത്തെയും
മേഘം ഒന്നിളകിയൊഴുകാന്‍ തുടങ്ങി
കാറ്റിന്റെ ശരീരം തണുത്തു
പൂവിന്റെ കണ്ണില്‍ സ്വപ്നം വിടര്‍ന്നു
ഭൂമി അതിന്റെ ഗര്‍ഭത്തില്‍ നിന്നും
പൂഴ്ത്തിയ ഗന്ധത്തെ പുറത്തെടുത്തു
അരുവിയിലേക്ക് മഴ മദിക്കുകയായിരുന്നു,അപ്പോള്‍
.

Tuesday, June 8, 2010

കല്‍ക്കട്ടയിലെ മഴ

ഒരു ദിവസം തോന്നി
അഞ്ചാം നിലയുടെ മുകളില്‍ നിന്ന്
നോക്കുമ്പോള്‍
ആകാശം താഴെയെന്ന്
ശൂന്യതയില്‍ തൂങ്ങിക്കിടക്കുന്ന
മേഘം പോലെ മരങ്ങളെ തോന്നിച്ചു
അതിന്റെ വന്യമായ പച്ചപ്പില്‍ നിന്നും
ഊര്‍വ്വരമായ ഒന്ന്
എന്നെ തൊടാന്‍ കൈനീട്ടുന്നതു പോലെയും.
പൊള്ളുന്ന വെയിലില്‍ കാതമര്‍ത്തി കിടക്കവെ
എന്നെ തൊട്ടത്
നീയോ,
മഴയോ,
ബാല്യത്തിന്‍ ഏകാന്ത യാത്രകളില്‍
പിന്‍ വിളിയാല്‍ വിസ്മയിപ്പിച്ച മുളങ്കാടോ?

Friday, May 21, 2010

മഴ പോലെ ഒന്ന്........

വാക്കോ
തൊടലോ

വാഗ്ദത്തമോ
വിടരലോ
ഒറ്റയാവലോ അല്ല,
ഒന്നായ് തീര്‍ന്ന്
അതില്‍ നിന്നും ഒറ്റക്കൈയുയര്‍ത്തി
ലോകത്തെ ഇമപൂട്ടി തൊടുന്ന നിമിഷത്തിന്റെ

നിറയലാണ് പ്രണയം.
നീട്ടിയ കയ്യിലേക്ക്
എല്ലാ രസങ്ങളും ഒന്നിലേക്കൊതുക്കുന്ന മഴ

ആദ്യഹര്‍ഷം
പ്രകമ്പനമായി നിറയ്ക്കുന്നതു പോലെ.

Wednesday, May 19, 2010

ഒറ്റപ്പൂമരം

മഴ ഒന്നല്ല
എന്റെ മഴ
നിന്റെ മഴ
പല മഴകള്‍
നിനക്ക് മഴയാവുന്നതും
എനിക്ക് മഴയാവുന്നതും
പലതാണ്
നിന്റെ മഴയെ നീ സ്വകാര്യമാക്കുന്നു
എന്റെ മഴയെ ഞാനും
എന്നെ തൊട്ട് പേടിപ്പിച്ച മഴ
എന്നോടൊപ്പം നിറഞ്ഞു,കവിഞ്ഞു
എനിക്ക് മഴയോടൊപ്പം യാത്ര കഴിയും
നിനക്കോ
എന്റെ സംഗീതങ്ങള്‍ മഴയിലുണ്ട്
നിന്റെയോ
എന്റെ കണ്ണുനീര്‍ മഴയെ ഉലക്കാറുണ്ട്
നിന്റെയോ
മഴയോടൊപ്പം വിടര്‍ന്ന ഗുഹാമുഖങ്ങളില്‍
ഞാന്‍ ഒറ്റക്കിരിക്കാറുണ്ട്
മഴത്തുറസ്സില്‍
ചുവടുവെച്ച് പറക്കാറുണ്ട്
നനഞ്ഞ ഓര്‍മ്മകള്‍
മഴയാണെനിക്ക് കൊണ്ടു തരുന്നത്
എന്റെ രക്തം മഴയില്‍ കലര്‍ന്നിട്ടുണ്ട് ,
ആ രഹസ്യലഹരിയെ മുകില്‍വര്‍ണ്ണങ്ങള്‍ കൊണ്ട്
മറക്കുകയും
മായ്ക്കുകയും ചെയ്ത കൂട്ടായിരുന്നു മഴ
ഞാന്‍ സ്വപ്നം കൊള്ളുകയാണ്
ഞാനും നീയും ഒന്നിച്ച് പെയ്യുന്നൊരു നാള്‍,
വിജനമായ ചെരിവിലെ ഒറ്റപ്പൂമരമായ് നമ്മള്‍
ഉലയുന്നത്

Sunday, May 16, 2010

വാക്കുകള്‍ ഉണ്ടാവുന്നത്


വാക്കുകള്‍ ഉണ്ടാവൂന്നത് ഹൃദയത്തില്‍ നിന്നാണ്,
പ്രണയവും.
നിന്റെ പ്രണയവും വാക്കും
എനിക്ക് നദിയും ജലവും പോലെയാണ്,
ഒന്നില്‍ നിന്നൊന്നിനെ അടര്‍ത്താനാവാതെ.
നിന്റെ ഓരോ വാക്കിനും
പൊന്നും വിലയാണ്

Saturday, May 15, 2010

കൊക്കുരുമ്മി ഉണര്‍ത്താന്‍ പൂക്കാലം


ഒരു ചെറിയ ഗ്രാമത്തില്‍
ചിമ്മിനി വെട്ടം നിഴല്‍ വീഴ്ത്തിയ ചുമരുകള്‍ക്കുള്ളില്‍
അവള്‍ മുഷിഞ്ഞ പുസ്തകത്തെ ഈണത്തില്‍ പാടി
അക്ഷരങ്ങളില്‍ അവള്‍ ആവേശത്തോടെ പടര്‍ന്നു
അതവള്‍ക്ക് ഒരു കോണിയായിരുന്നു.
പാമ്പും കോണിയും പോലെ മുകളിലേക്കും താഴേക്കുമായിരുന്നില്ല
മുകളിലേക്ക് ആകാശത്തോളം അനന്തതയിലേക്ക്
അവള്‍ ആഗ്രഹിച്ചു
മങ്ങിയ ലോകത്തില്‍ നിന്നും
പ്രകാശങ്ങളുടെ വിസ്തൃതിയിലേക്ക് അവള്‍
അവളെ സ്വപ്നത്തില്‍ ഉയര്‍ത്തി വെച്ചു
കാലങ്ങള്‍ കാതങ്ങള്‍ അവള്‍ താണ്ടി
ഒടുവില്‍ ഈ ബഹുനിലക്കെട്ടിടത്തിന്റെ ഏതോ നിലകളില്‍
അതിനേക്കാള്‍ മുകളില്‍ അവള്‍ ഉയര്‍ത്തിയ ശിരസ്സ്
കേള്‍ക്കുന്നതെല്ലാം സംഗീതം
കാണുന്നതെല്ലാം കാതരം
എന്നും അവളിലുണ്ടായിരുന്നു ഒരു പാവാടക്കാരി,
കൊക്കുരുമ്മിയുണര്‍ത്താന്‍ ഒരു പൂക്കാലവും.


പ്രണയഹിമം

വിരിഞ്ഞൊരു ഇതള്‍പ്പൂവില്‍
മഞ്ഞുരുക്കി വിരിയിച്ച
പളുങ്കുമണി പോലെ
കുളിരായ് നനയുന്നു നീ
കൊടും വേനലില്‍