ഈ വഴി ഇനിയും...

Wednesday, February 13, 2013

കണ്ടല്‍

(ചേറ്റുവാ പുഴയിലെ കണ്ടല്‍ കാട് സന്ദര്‍ശനത്തില്‍ അനുഭവിച്ചത്)


 വേറൊരു ലോകത്തേക്കാണ് നിന്റെ ക്ഷണം
കാഴ്ചകളെ നീ ഊര്‍വ്വരമാക്കുന്നു
വിനീതമാണ് നിന്റെ സാന്നിദ്ധ്യം
ഉലയുമുയിരാണു  നിന്നുടല്‍
ഊര്‍വ്വരതയാണ് നിന്റെ വീട്
 ഉണര്‍ച്ചയാണ് നിന്റെ  സ്വത്വം
 ആഴമാണ് നിന്റെ രീതി
സാന്ത്വനമാണ് നിന്റെ ശരീരം
പക്ഷികളാണ് നിന്റെ നാവ്
കാറ്റാണ് നിന്റെ പാട്ട്
കാടാണ് നിന്റെ അകം
ഒഴുക്കാണ് നിന്റെ കൂട്ട് 
 നിശബ്ദത നിന്റെ സംഗീതം
ഒറ്റയെന്നത് നിന്റെ ശക്തി


*************
പാഠശാലയേക്കാള്‍ ആഴത്തില്‍ നീ..
പഠിക്കാനേറെ, പറയാനേറെ,അറിയാനേറെ.
ഒടുവില്‍ 
സൂര്യനെ അരിച്ചെടുത്ത് നേര്‍പ്പിക്കുന്ന വിദ്യയും
നീ കാട്ടിത്തരുന്നു..........

Saturday, October 6, 2012

കൊല്‍ക്കൊത്ത

അടക്കപ്പെട്ട മണ്ണില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ അമ്പരപ്പു പോലെ കൊല്‍ക്കൊത്ത, ഇടുക്കമുള്ള കണ്ണുകള്‍, മുഷിഞ്ഞ ശരീരം, പട്ടം പോലെ അറ്റുപോയ ചിന്താമുഖം ഇനി നിങ്ങളോടൊപ്പമില്ലെന്ന അന്യത എനിക്കെന്റെ വഴിയെന്ന താക്കീത്, വഴിയേതെന്ന് തിരക്കുന്ന ട്രാം വണ്ടികളുടെ തുളച്ച മിഴികള്‍, നെഞ്ചിന്‍ കൂടു പൊട്ടിയ കൈവണ്ടികള്‍,റിക്ഷകള്‍, ഹാരിഹട്ടിലെ ചന്തത്തിരക്കില്‍ അലിഞ്ഞു പോകുമെന്ന ആശ്വസിക്കല്‍, യാത്രയ്ക്ക് ഒരറ്റം ഉണ്ടാകുമെന്ന സുരക്ഷാബോധം, കിതര്‍പ്പൂരിലെ അളിഞ്ഞ ചന്ത ചൈനീസ് തെരുവിലെ വിശപ്പിന്‍ ക്യൂ, ദൈന്യ വിലാപങ്ങള്‍ പാര്‍ക്ക് സ്ട്രീറ്റില മദ്ധ്യവര്‍ഗ്ഗ ആര്‍ത്തികള്‍,ആസക്തികള്‍ ഹൗറയെ കുലുക്കും തീവണ്ടീകള്‍ സാള്‍ട് ലെയ്ക്കിലെ മനുഷ്യക്കൂടുകള്‍,കൂടാരങ്ങള്‍,

നഗരച്ഛായയില്‍ മുഷിഞ്ഞ ആകാശം.

സ്വര്‍ഗ്ഗമേത് നരകമേതെന്ന നിര്‍മ്മമത,

നിലംപതിച്ചിട്ടും ചായം തേയ്ക്കുന്ന സോണാഗച്ചി.........

 

 

 വിയര്‍ക്കാന്‍ പാകത്തില്‍ ഓര്‍മ്മകള്‍, നീയിങ്ങനെ ഭൂതസ്മരണയായി ഒഴുകുമ്പോള്‍, ഹൂഗ്ലിയില്‍ നിന്നുള്ള കാറ്റുപിടിച്ച നിഴലായി ഇരുളിലേക്കു വിറപൂണ്ടു ഞാന്‍..................

Tuesday, September 25, 2012

പൂക്കളുടെ ഭാഷ


ഒഴുക്കിനെതിരെ
അണകെട്ടുന്നതെന്തിനാണ്
ആഴങ്ങളില്‍ നിന്നും 
വെള്ളാരം കല്ലുകല്‍ പെറുക്കുന്നതെന്തിനാണ്
നക്ഷത്രങ്ങള്‍ക്കെതിരെ 
 വീടു പണിയുന്നതെന്തിനാണ്
കണ്ണിന്റെ ആഴങ്ങളില്‍ 
അതിനെ കലരാന്‍ വിടാത്തതെന്തു കൊണ്ടാണ്
മഴയെ നമ്മള്‍ 
മറ കൊണ്ടളക്കുന്നതെന്തു കൊണ്ടാണ് 
തൊടാ‍തെ പോകാന്‍
അതിനെ വിടുന്നതെന്തു കൊണ്ടാണ്
പൂവിനെ നമ്മള്‍ 
ഇതളുകളായി കാണുന്നതെന്തു കൊണ്ടാണ്


കൂമ്പിപ്പോയ വാക്കുകളില്‍ നിന്നും
നമ്മള്‍ ലോകത്തെ
നിര്‍വ്വചിക്കുന്നതു പോലെ
കിളിക്കുറുകലില്‍ നിന്നും 
വസന്തം ഉറവ പൊട്ടുന്നതു പോലെ
വിരിഞ്ഞ പൂവില്‍ നിന്നാണ് ദൈവം
ലോകത്തോടു സംസാരിക്കുന്നത്.............

Friday, May 11, 2012

പൂക്കാത്ത നീര്‍മാതളം

പൂക്കാത്ത നീര്‍മാതളംനിക്കത് കാണാപ്പൂമരമായിരുന്നു
പുന്നയൂര്‍ക്കുളത്തു നിന്നും മുളപൊട്ടി,
വളര്‍ന്ന് പന്തലിച്ചാണ്
ഈ മരം എന്നില്‍ പൂക്കുന്നത്
പൂവിന്‍ നിറം പലതായി വിടര്‍ത്തി നോക്കി
പലേ സുഗന്ധങ്ങളായ് മണത്തു നോക്കി
ഇലകള്‍,ചില്ലകള്‍ എല്ലാം പലതായി കണ്ടു നോക്കി
പല രൂപങ്ങളില്‍
പല ഭാവങ്ങളില്‍
അതെന്നില്‍ വളര്‍ന്നു,
എന്നിട്ടും
പൂത്തില്ല
കായ്ചില്ല
മരമായില്ല.

ഞാനൊരു മാതളത്തൈ നട്ടു
മണ്ണില്‍ ഉറപ്പിച്ച്
സൂര്യനെതിരെ നിര്‍ത്തി
ഞാനതിനെ ലാളിച്ചു
കണ്‍ തുറന്നാല്‍ നീര്‍മാതളം
കണ്ണടച്ചാലും നീര്‍മാതളം
അതെന്റെ ജീവഭാവം.
സൂര്യനിലേക്കത് വളരുന്നതും
ഭൂമിയിലേക്കത് നിറയുന്നതും
കിളികള്‍ പാറുന്നതും
കാറ്റതിന്‍ സുഗന്ധം തൊടുന്നതും
കാലമതില്‍ കുതിക്കുന്നതും
ഞാന്‍ കാത്തുകാത്തിരിക്കുന്നു........
..

ണല്‍
പൂക്കള്‍
സുഗന്ധം

വസന്തങ്ങള്‍
മാധവിക്കുട്ടി,
എന്റെ നീര്‍മാതളം പൂത്തില്ലെങ്കിലും.............
..


Wednesday, April 11, 2012

വിത്തും കൈക്കോട്ടും

വിത്തും കൈക്കോട്ടും


വിത്തിന്
മഹാവൃക്ഷമെന്ന് പൊരുള്‍.
തുടക്കം,
ഭൂഗര്‍ഭത്തിലേക്ക്.
അകം നിറഞ്ഞ്,
പുറത്തേക്ക്.
തിരി നീട്ടി,
വെളിച്ചത്തിലേക്ക്.
വെയില്‍ മഴ മഞ്ഞ്,
തഴുകലിന്റെ ഋതുഭേദങ്ങള്‍.
വേരുകളില്‍ നിവര്‍ന്ന്
വെയിലില്‍ വിടര്‍ന്ന്
മഴയില്‍ തെളിഞ്ഞ്
മഞ്ഞില്‍ ഒതുങ്ങി
കാറ്റില്‍ മയങ്ങി
വിരിയലിന്റെ ഒരു വര്‍ഷം,
കനത്തിന്റെ വാര്‍ഷികവളയം.

ചേക്കേറിയ നേരം
വിഷുപ്പക്ഷികള്‍ പാടി
ഒരു വര്‍ഷം,പല ഹര്‍ഷം.

Friday, March 23, 2012ന്നും ന്നും
(1)

വെയില്‍ നനഞ്ഞ്
വെള്ളാരംകല്ലുകള്‍ ഉരുകുന്നത്
നോക്കി നിന്നിട്ടുണ്ട്,
ഒഴുക്കിനെതിരെ
കാലിടറി വീണിട്ടുണ്ട്,
മേഘങ്ങളെ
കല്ലെറിഞ്ഞ് കലക്കിയിട്ടുണ്ട്
മീനുകള്‍ക്ക്
കാവലായ് കൂടിയിട്ടുണ്ട്
മഴയെ
പുഴയില്‍ അറിഞ്ഞിട്ടുണ്ട്
മുങ്ങാംകുഴിയില്‍
സുരക്ഷിതയായിട്ടുണ്ട്
ജലഭിത്തികള്‍ ഭേദിച്ചു
ആഴങ്ങളില്‍ കലര്‍ന്നിട്ടുണ്ട്
മഴവില്ലിനെ
ആഴങ്ങളില്‍ അണിഞ്ഞിട്ടുണ്ട്

(2)

പാദം പതിച്ചു നില്‍ക്കുമ്പോള്‍
ഭൂമിയാഴങ്ങളില്‍ നിന്നും
ചൂടും
കരച്ചിലും മാത്രം
രേ മായിട്ടും
ഇലയും കാറ്റും തമ്മിലെന്ത്
കല്ലും ഒഴുക്കും തമ്മിലെന്ത്
മഴത്തുള്ളിയും പൂവും തമ്മിലെന്ത്
ആകാശവും മേഘവും തമ്മിലെന്ത്
മനസ്സിനും ശരീരത്തിനും തമ്മിലെന്ത്
തീയിനും ജലത്തിനും തമ്മിലെന്ത്
ശിലക്കും ശില്പത്തിനും തമ്മിലെന്ത്
ചിറകിനും സ്വാതന്ത്ര്യത്തിനും തമ്മിലെന്ത്
മനസ്സിനും ചിന്തയും തമ്മിലെന്ത്
ഭാവിക്കും ഭൂതത്തിനും തമ്മിലെന്ത്
നക്ഷത്രത്തിനും ഇരുട്ടിനും തമ്മിലെന്ത്..............
വെയിലിനും നിഴലിനും തമ്മിലെന്ത്.........?


കവികള്‍ക്ക് പലതും പറയാനുണ്ട്.
ശാസ്ത്രത്തിനും ചിലത് പറയാനുണ്ട്.
കാഴ്ചക്കാര്‍ക്കും എന്തോ പറയാനുണ്ട്.


ഒരേ ഈണമായിട്ടും,
നമ്മള്‍ മാത്രം സന്ദേഹിക്കുന്നു.
ഞാനും നീയും തമ്മിലെന്ത് !