ഈ വഴി ഇനിയും...

Tuesday, January 31, 2012

സഞ്ചാരം

ഇടുങ്ങിയ മുറി
തീച്ചൂട്
കുക്കറിലെ സമയനിഷ്ഠകള്‍
മസാലയിലെ കണിശങ്ങള്‍
വേവിന്റെ മനക്കണക്ക്
നോവിന്‍ അടയിരുപ്പ്
തീന്‍ മേശയില്‍
പാത്രങ്ങളുടെ
ചെസ്സ് കളി
ജയിക്കുന്ന വിഭവത്തിന്‍ വൈഭവം

കുതറിമാറാന്‍ ഒരു ജനവാതില്‍
വതിലിനപ്പുറം
എന്റെ സഞ്ചാരപഥം
ലിഫ്റ്റിന്റെ അക്കങ്ങളില്‍ കുടുങ്ങാതെ
വാതിലിന്‍ മുരള്‍ച്ച കേള്‍ക്കാതെ
ഞാനൂര്‍ന്നു പോകുന്നു
നഗരം ചുറ്റി വരുന്നു
കാഴ്ചകള്‍ കാണുന്നു

ആരുമീ മുഖം തിരിച്ചറിയുന്നില്ല
എവിടെയോ
കണ്ടത്
മറന്നത്
ക്ലാവു പിടിച്ചത്
മരിച്ചു പോയത്.....തിരിച്ചു വന്നെന്റെ
കാഴ്ചയുടെ വാണിഭങ്ങള്‍
വലിച്ചെറിയുന്നു,പൂട്ടിവെക്കുന്നു.


ആരും എന്നെ സംശയിക്കില്ല
ശരീരം ഇവിടെ മടക്കിവെച്ചിരിക്കുന്നു.

Monday, January 16, 2012

പെണ്ണരുവി

എപ്പോഴും ഒരു നദി
എന്റെ ഹൃദയത്തിലുണ്ട്
അണകള്‍ എത്ര കെട്ടിയാലും
അത് പ്രകമ്പനം കൊള്ളുന്നില്ല
ചകിതമായ കാല്‍ വെപ്പുകളോടെ
നീ തൊടുമ്പോള്‍
അത് നിറഞ്ഞു കവിയുന്നു
വിദൂരമായ ഒരോര്‍മ്മയില്‍ നീ മായുമ്പോള്‍
ഓളങ്ങളെ അത് അണച്ചു പിടിക്കുന്നു.
കാറ്റായ് നീ മൂളുമ്പോള്‍
കവിതയായ് അത് പാടുന്നു
പറവയായ് നീ പാറുമ്പോള്‍
ആരവമായത് പൊങ്ങുന്നു
നിന്റെ നിശബ്ദതയെ
ആഴങ്ങളായി അതുള്‍ക്കൊള്ളുന്നു
നിന്റെ വാചാലതയെ
നിഗൂഢമാനന്ദമാക്കുന്നു
കവിതയെന്ന് വിളിച്ചാലോ
നര്‍ത്തനമായത് ഉണരുന്നു
മതിയെന്നാണാജ്ഞയെങ്കില്‍
ഒഴുക്കായത് തുടരുന്നു.
വേനലായ് നീ പടരുമ്പോള്‍
മേഘമായത് പൊങ്ങുന്നു
മകളായ് നീ മാറുമ്പോള്‍
അമ്മയായത് വളരുന്നു............