ഈ വഴി ഇനിയും...

Friday, November 18, 2011

അരുണ ശോഭം

നിഴല്‍ നട്ടുനട്ട് നടന്നു നമ്മള്‍ ...
വെയില്‍ വീണ നെറുകെയില്‍ തിരുകി നമ്മള്‍,
അരികുപോയ പുസ്തകങ്ങള്‍
നെല്‍പ്പാടത്ത് ഒളിഞ്ഞിരുന്ന കാറ്റ്
കണ്ണിറുക്കിയും കളിപറഞ്ഞും
വിളിച്ചു നമ്മെ പിന്‍വിളി
കിളിര്‍ത്ത മണ്ണില്‍
ഇരുന്നു നമ്മള്‍
വരഞ്ഞു നമ്മെ ചെമ്മെ.
പിറകെ വന്നവര്‍
കൈകള്‍ ചൂണ്ടി ‘ദേ’
എല്ലാവരും പോയിക്കഴിഞ്ഞിരുന്നുവെന്നു
കാലടിപ്പാടുകള്‍ നോക്കിയുറച്ചു ..
മണിയൊച്ച കേള്‍ക്കല്ലേ കേള്‍ക്കല്ലേ എന്ന് ഉരുവിട്ട്
കുന്നു കയറി നമ്മള്‍, കുന്നിറങ്ങി നമ്മള്‍
എന്റെ തണല്‍ പറ്റി നീയും ..
നിന്നില്‍ പറ്റി ഞാനും .
ഒഴുക്കുചാലില്‍
നിന്റെ ചാട്ടം പിഴക്കുമ്പോള്‍
എന്റെ പാവാടയില്‍ ചളി ചിത്രങ്ങളായി .....



ന്നീ മദ്ധ്യാഹ്നത്തില്‍
തിരിഞ്ഞു നോക്കുമ്പോള്‍
നീളെ കിടക്കുന്ന പാടവും
വിരിച്ചിട്ട ഒരു വരമ്പും
വരമ്പിനൊടുവില്‍ തൊടിയും
തോടിക്കുമെലെ കുന്നും
കുന്നിന്‍ നെറുകയില്‍
സൂര്യന്‍ കൊഴിച്ചിട്ട
അരുണിമയും
മങ്ങിയ ശോഭയോടെ ......!!

Wednesday, September 21, 2011

ഒരില ജന്മം



കാറ്റിന്റെ കൂട്ടില്‍
ഒരിലക്കും തോന്നില്ല
താഴെ
ഒരിടം
ഒഴിഞ്ഞുകിടപ്പെന്ന്.

മേഘത്തെ കണ്ണുവെക്കുന്ന
ബാഷ്പത്തിനും
തോന്നില്ല
മഴയില്‍ മുഴക്കമായ് പതിക്കുമെന്ന്

ഒന്നിനോടൊന്നായ് ഇണങ്ങുവാനും
ഒന്നില്‍ നിന്നോന്നായ്
അടരുവാനും
തിരിനീട്ടും
ഒരിതള്‍
ഞാന്‍.

Tuesday, September 6, 2011

അമ്മയോര്‍മ്മ




ഓര്‍മ്മയാണമ്മ
പൂപ്പൊലികളായൊരോര്‍മ്മ
നിലാവിന്‍ തെളിച്ചമായൊരോര്‍മ്മ

അണകെട്ടിയ നീര്‍ക്കെട്ടിന്‍
പ്രകമ്പനം പോലൊരോര്‍മ്മ
വെയിലിന്‍ എരിയല്‍ പോലൊരോര്‍മ്മ
മഴതന്‍ താളത്തിന്‍ ചടുലമായൊരോര്‍മ്മ
കണ്ണീര്‍ കലരും കിതക്കുമൊരോര്‍മ്മ
കണ്ണായ് പൊതിയും കവചമായൊരോര്‍മ്മ
അകന്നു പോം അകലത്തിന്‍ വിരഹമാ‍യൊരോര്‍മ്മ
അരികത്താവുമ്പോള്‍ നിഴലിന്‍ തണലായൊരോര്‍മ്മ
കണ്ണുകളടയുമ്പോള്‍ കരള്‍കവിയാനൊരോര്‍മ്മ
മരുഭൂമിയില്‍പ്പെടുമ്പോള്‍
മഴയായൊരോര്‍മ്മ
മഴനൂലിന്‍ തുഞ്ചത്ത് മാരിവില്‍
പൂക്കുമ്പോള്‍
അരുമയാമൊരമ്മയോര്‍മ്മ

Wednesday, August 10, 2011

അകം ഒരു വീട്




അകമേ ഞാനറിയുന്നു,
പാറും തൂവലെന്ന്
അതിരുകളറിയാ
കുതിപ്പെന്ന്
ആകാശപ്പേടിയുള്ള
അശക്തയെന്ന്
അരികുകള്‍
പൊടിഞ്ഞു പോകുന്ന
കൂടെന്ന്
ചൂടാറിയ
അടയിരിപ്പെന്ന്
പകല്‍ നഷ്ടപ്പെടുന്നൊരു
ഒറ്റയെന്ന്
ഉറവു പരതുന്ന
ദാഹമെന്ന്
കാറ്റില്ലാ
ചില്ലയെന്ന്


ഏകാന്തത
പല മുറികളുള്ള വീടാണെനിക്ക്.



Tuesday, July 12, 2011

മറു(രു)ഭാഷ

നക്ഷത്രങ്ങള്‍
എത്രയെത്ര?
ചത്തതെത്ര,
ജീവനെത്ര?


ഒടുവില്‍
ഞാന്‍
കണ്ടെടുത്തു,
ഭൂമിയുടെ
മുഴുവന്‍
ചിത്രങ്ങളും
നിന്റെ
കണ്ണില്‍
മിഴിച്ചു.
ഒന്ന്
മാത്രം
അതില്‍
നിഴലിച്ചില്ല.


പ്രണയത്തിന്റെ
മറു(രു)ഭാഷ
അതാണ്.
എപ്പോഴും
ഒന്ന്
പുറത്ത്,
എല്ലാം
അകത്താവുമ്പോഴും.

Monday, June 6, 2011

ജലശില്പം

ബാല്യം
മഴയിലേക്ക്
നീട്ടിയത്
ഒറ്റക്കൈയ്യായിരുന്നില്ല
മഴയുടെ മതില്‍ക്കെട്ടിനുള്ളില്‍
ഇക്കിളിപ്പെട്ടു നമ്മുടെ സ്വകാര്യം
തെറിച്ച മഴയില്‍
കാഴ്ചകള്‍ മാഞ്ഞു പോകവെ
കണ്ണിരുട്ടില്‍ ഞാന്‍ വരച്ചു
വിരിഞ്ഞ മഴവില്ലുകള്‍
മിന്നലും ശബ്ദവുമായി
മഴകള്‍ മുരളവെ
കാലം നമുക്കിടയിലും വരച്ചു
കഠിനമാം നിഴല്‍ രേഖ.


ജലശില്പമായ്,
ഈ വേനല്‍ക്കുടീരത്തില്‍ ഞാന്‍.

Wednesday, June 1, 2011

മഴവീട്

മഴ മേല്‍ക്കൂരയിട്ട
വീടെനിക്കിഷ്ടം
(നശിച്ചമഴയെന്ന് ശപിച്ച
അമ്മ വേനലില്‍ പൊരിയുന്നത്
ഞാന്‍ കണ്ടിട്ടുണ്ട്)
ഒറ്റ വീടില്ല
മഴ
വേനല്‍
മഞ്ഞ്
ഓരോ കാലത്തും
ഓരോന്ന് മേല്‍ക്കൂരയാവുന്നു.
മാര്‍ബിളെന്നോ
ടെറസെന്നൊ
ഓടെന്നൊ
ഓലയെന്നോ
വകഭേദങ്ങളില്ല,
ഉള്ളത് ഋതുഭേദങ്ങള്‍
മനുഷ്യരിലെന്ന പോലെ
അത്
പുതുമയും വ്യത്യസ്ഥതയും
നിര്‍മ്മിക്കുന്നു.
മേല്‍ക്കൂരയുടെ പഴക്കം നോക്കി
കാലം പറയും
അഴിച്ചു പണിയാറായി.
വാര്‍ഷികവളയങ്ങള്‍ നോക്കി
മനുഷ്യന്‍ പറയും
ഇനി,പുതുജന്മം.

Friday, May 27, 2011

എന്റെ മഴ

ഓരോ മഴയിലേക്കും ഒരു കുതിപ്പുണ്ട്,
പ്രണയത്തിന്റെ കൈപ്പിടിയിലേക്കെന്ന പോലെ.


ഭൂഗര്‍ഭങ്ങള്‍ ഇന്ന് സുഗന്ധമഴിച്ചത്
മഴയെക്കുറിച്ച് പറയാനാണ്.
ഓരോ സുക്ഷിരങ്ങളേയും
കടന്ന്
എന്നെ അവ
പൊതിയുന്നു




ചിന്നംവിളിച്ചൊരു ഒറ്റയാന്‍ ,
അദ്യം.
പിന്നെ
ചെറുതും വലുതുമായവ


ഉടലുലഞ്ഞൊരു നൃത്തം പോല്‍ മഴ
ചാഞ്ഞും ചരിഞ്ഞും വിരിഞ്ഞുമങ്ങിനെ..........
വീശിയെറിഞ്ഞ മുടിക്കെട്ടു പോല്‍ മഴ
ആകാശവില്ലില്‍ അഴകായങ്ങിനെ.........

Tuesday, April 19, 2011

പൂമരം

മണ്ണ് മുറുകെ പിടിച്ചൊരു വിത്ത്
സൂര്യന് തല നീട്ടും പോല്‍
നിന്റെ പ്രണയത്തില്‍ നിന്നും
ഞാനൊരു പൂമരമാകുന്നു

ഞാന്‍ ഒരു പൂമരമാകുന്നതിങ്ങനെ

സൂര്യന്‍ ഏല്‍ക്കാതെ
ഒരു ജലകണിക
കാറ്റിനെ തൊടാതെ
ഒരു മരപ്പൊത്ത്
വിരലേല്‍ക്കാത്ത
ഒരു ശരീരം
ഓര്‍മ്മകളില്ലാത്ത
ഒരു മനസ്സ്
നിന്റെ ഒരു വാക്കില്‍ നിന്നാണ്
ഞാന്‍ പൊടിച്ചു തുടങ്ങിയത്.

Tuesday, March 15, 2011

കല്ലിന്റെ ജന്മാന്തരങ്ങള്‍





കാലമേറെയെന്നാകിലും

ജലമീച്ചിറകില്‍ പറന്നീടുകിലും
അരൂപിയാമീ ജന്മത്തിന്‍
തൊട്ടുമുന്നില്‍ നില്‍ക്കുന്നു
ധ്യാനത്തിന്‍ ശില പോല്‍ നീ

ഉള്ളംകയ്യിലെടുക്കുന്നു എന്നെ നീ
കൈവിടുന്നു ഞാന്‍ ജലശയ്യയെ
ഉള്ളിലുറയും തണുപ്പിനെ
ചേര്‍ത്തു വെക്കുന്നു
നിന്‍ ചുടുവേര്‍പ്പിന്‍ നെഞ്ചകമെ

കല്ലിനുമുമ്പൊരു ജന്മത്തെ
ഓര്‍ത്തെടുക്കുന്നു നീ
അടയുന്നു നിന്‍ കണ്ണുകള്‍
പാതിയില്‍


കൊടിയ ഭക്തിയോ
മുറിയാത്ത പ്രണയമോ നിന്നില്‍

ഇനിയെത്ര കാലങ്ങള്‍
ഇനിയെത്ര രൂപങ്ങള്‍
ശിലയായ് കനമേറുമീ കഠിന ജീവിതം.




Monday, February 21, 2011

അവന്‍

എന്തെ മൌനം?
ഉം
എങ്കിലും?
ഒന്നുമില്ലെന്ന് പറഞ്ഞില്ലെ
വീട്ടില്‍ എന്തെങ്കിലും?
നോ
ഒഫീസില്‍?
ഇല്ല
എന്നാ ഒന്നു ചിരിച്ചൂടെ?
വരണില്ല
ഇക്കിളിപ്പെടുത്തട്ടെ?
പോ
പിന്നെന്താ?
എന്നോടെന്താ ഇങ്ങിനെ
എങ്ങിനെ?
എത്ര നാളായി മിണ്ടിയിട്ട്
അതാണോ?
അതെ
എന്നാ ഞാന്‍ പറയട്ടെ.ഇത്രയുംനാള്‍ ഞാന്‍ മൌനമായി ഇരിക്കയായിരുന്നു.
ഉറഞ്ഞു പോകാനല്ല.ഉണരാന്‍,ഒരു പാടു വിശേഷമായി നിന്നോടൊപ്പം കൊത്തിപ്പെറുക്കി നടക്കാന്‍.

Saturday, January 15, 2011

ഇമ

ഉമ്മറത്തിണ്ണയിലെ
വലിയ കരിങ്കൽ തൂണിലേക്കുള്ള
എന്റെ ചായലിന്
ശില്പത്തിന്റെ
രചനാ ചാതുരിയുണ്ടെന്ന്
നിന്റെ ക്യാമറക്കണ്ണു പറഞ്ഞു ,
കല്ലേത് എന്ന് നീ‍ ക്ലിക്ക് ചെയ്തില്ല.


കാത്തിരുപ്പിൽ കല്ലിച്ചുപോയ
ജീവനെ നീ കണ്ടില്ല.

ഏകാന്ത രാത്രികളിൽ
മഴത്തുള്ളിക്ക് കല്ലിന്റെ കനമുണ്ടെന്ന്
ഞാനറിയുന്നു,ശില്പത്തിന്റെ ജീവനും.

കണ്ണടച്ച് ഫോക്കസ് ചെയ്താൽ
ശൂന്യതയിൽ നിന്നും
നിന്നെ രൂപപ്പെടുത്തുന്ന വിദ്യയും
ഇപ്പോൾ എനിക്ക് വശമായി.