ഈ വഴി ഇനിയും...

Tuesday, June 22, 2010

പ്രകൃതി എന്ന പെണ്‍കുട്ടി



പൂമരക്കൊമ്പ്
ചിണുങ്ങി നിന്ന ഊഷരമായ കാറ്റ്
ചിരി കൂമ്പിയ പൂവ്
വരണ്ട ഭൂമിക
ഘനീഭവിച്ച ആകാശം
ചുളിഞ്ഞു കിടന്ന കിഴവന്‍ കാള
വരണ്ട പൊയ്കയില്‍ സൂര്യനെ ധ്യാനിച്ച താമര
അതിലേ വഴി തെറ്റിയെത്തിയ
പെണ്‍കുട്ടി
മരത്തേല്‍ ഒന്നു തൊട്ടു
പൂക്കളെ നോക്കി
ആകാശത്തെയും
മേഘം ഒന്നിളകിയൊഴുകാന്‍ തുടങ്ങി
കാറ്റിന്റെ ശരീരം തണുത്തു
പൂവിന്റെ കണ്ണില്‍ സ്വപ്നം വിടര്‍ന്നു
ഭൂമി അതിന്റെ ഗര്‍ഭത്തില്‍ നിന്നും
പൂഴ്ത്തിയ ഗന്ധത്തെ പുറത്തെടുത്തു
അരുവിയിലേക്ക് മഴ മദിക്കുകയായിരുന്നു,അപ്പോള്‍
.

Tuesday, June 8, 2010

കല്‍ക്കട്ടയിലെ മഴ

ഒരു ദിവസം തോന്നി
അഞ്ചാം നിലയുടെ മുകളില്‍ നിന്ന്
നോക്കുമ്പോള്‍
ആകാശം താഴെയെന്ന്
ശൂന്യതയില്‍ തൂങ്ങിക്കിടക്കുന്ന
മേഘം പോലെ മരങ്ങളെ തോന്നിച്ചു
അതിന്റെ വന്യമായ പച്ചപ്പില്‍ നിന്നും
ഊര്‍വ്വരമായ ഒന്ന്
എന്നെ തൊടാന്‍ കൈനീട്ടുന്നതു പോലെയും.
പൊള്ളുന്ന വെയിലില്‍ കാതമര്‍ത്തി കിടക്കവെ
എന്നെ തൊട്ടത്
നീയോ,
മഴയോ,
ബാല്യത്തിന്‍ ഏകാന്ത യാത്രകളില്‍
പിന്‍ വിളിയാല്‍ വിസ്മയിപ്പിച്ച മുളങ്കാടോ?