Saturday, October 6, 2012
Tuesday, September 25, 2012
പൂക്കളുടെ ഭാഷ
ഒഴുക്കിനെതിരെ
അണകെട്ടുന്നതെന്തിനാണ്
ആഴങ്ങളില്‍ നിന്നും
വെള്ളാരം കല്ലുകല്‍ പെറുക്കുന്നതെന്തിനാണ്
നക്ഷത്രങ്ങള്‍ക്കെതിരെ
വീടു പണിയുന്നതെന്തിനാണ്
കണ്ണിന്റെ ആഴങ്ങളില്‍
അതിനെ കലരാന്‍ വിടാത്തതെന്തു കൊണ്ടാണ്
മഴയെ നമ്മള്‍
മറ കൊണ്ടളക്കുന്നതെന്തു കൊണ്ടാണ്
തൊടാതെ പോകാന്‍
അതിനെ വിടുന്നതെന്തു കൊണ്ടാണ്
പൂവിനെ നമ്മള്‍
ഇതളുകളായി കാണുന്നതെന്തു കൊണ്ടാണ്
നമ്മള്‍ ലോകത്തെ
നിര്‍വ്വചിക്കുന്നതു പോലെ
കിളിക്കുറുകലില്‍ നിന്നും
വസന്തം ഉറവ പൊട്ടുന്നതു പോലെ
വിരിഞ്ഞ പൂവില്‍ നിന്നാണ് ദൈവം
ലോകത്തോടു സംസാരിക്കുന്നത്.............
Friday, May 11, 2012
പൂക്കാത്ത നീര്‍മാതളം
പൂക്കാത്ത നീര്‍മാതളം
എനിക്കത് കാണാപ്പൂമരമായിരുന്നു
പുന്നയൂര്‍ക്കുളത്തു നിന്നും മുളപൊട്ടി,
വളര്‍ന്ന് പന്തലിച്ചാണ്
ഈ മരം എന്നില്‍ പൂക്കുന്നത്
പൂവിന്‍ നിറം പലതായി വിടര്‍ത്തി നോക്കി
പലേ സുഗന്ധങ്ങളായ് മണത്തു നോക്കി
ഇലകള്‍,ചില്ലകള്‍ എല്ലാം പലതായി കണ്ടു നോക്കി
പല രൂപങ്ങളില്‍
പല ഭാവങ്ങളില്‍
അതെന്നില്‍ വളര്‍ന്നു,
എന്നിട്ടും
പൂത്തില്ല
കായ്ചില്ല
മരമായില്ല.
ഞാനൊരു മാതളത്തൈ നട്ടു
മണ്ണില്‍ ഉറപ്പിച്ച്
സൂര്യനെതിരെ നിര്‍ത്തി
ഞാനതിനെ ലാളിച്ചു
കണ്‍ തുറന്നാല്‍ നീര്‍മാതളം
കണ്ണടച്ചാലും നീര്‍മാതളം
അതെന്റെ ജീവഭാവം.
സൂര്യനിലേക്കത് വളരുന്നതും
ഭൂമിയിലേക്കത് നിറയുന്നതും
കിളികള്‍ പാറുന്നതും
കാറ്റതിന്‍ സുഗന്ധം തൊടുന്നതും
കാലമതില്‍ കുതിക്കുന്നതും
ഞാന്‍ കാത്തുകാത്തിരിക്കുന്നു........
തണല്‍
പൂക്കള്‍
സുഗന്ധം
വസന്തങ്ങള്‍
മാധവിക്കുട്ടി,
എന്റെ നീര്‍മാതളം പൂത്തില്ലെങ്കിലും.............
Wednesday, April 11, 2012
വിത്തും കൈക്കോട്ടും
വിത്തും കൈക്കോട്ടും
വിത്തിന്
മഹാവൃക്ഷമെന്ന് പൊരുള്‍.
തുടക്കം,
ഭൂഗര്‍ഭത്തിലേക്ക്.
അകം നിറഞ്ഞ്,
പുറത്തേക്ക്.
തിരി നീട്ടി,
വെളിച്ചത്തിലേക്ക്.
വെയില്‍ മഴ മഞ്ഞ്,
തഴുകലിന്റെ ഋതുഭേദങ്ങള്‍.
വേരുകളില്‍ നിവര്‍ന്ന്
വെയിലില്‍ വിടര്‍ന്ന്
മഴയില്‍ തെളിഞ്ഞ്
മഞ്ഞില്‍ ഒതുങ്ങി
കാറ്റില്‍ മയങ്ങി
വിരിയലിന്റെ ഒരു വര്‍ഷം,
കനത്തിന്റെ വാര്‍ഷികവളയം.
ചേക്കേറിയ നേരം
വിഷുപ്പക്ഷികള്‍ പാടി
ഒരു വര്‍ഷം,പല ഹര്‍ഷം.
Friday, March 23, 2012
അന്നും ഇന്നും
(1)
വെയില്‍ നനഞ്ഞ്
വെള്ളാരംകല്ലുകള്‍ ഉരുകുന്നത്
നോക്കി നിന്നിട്ടുണ്ട്,
ഒഴുക്കിനെതിരെ
കാലിടറി വീണിട്ടുണ്ട്,
മേഘങ്ങളെ
കല്ലെറിഞ്ഞ് കലക്കിയിട്ടുണ്ട്
മീനുകള്‍ക്ക്
കാവലായ് കൂടിയിട്ടുണ്ട്
മഴയെ
പുഴയില്‍ അറിഞ്ഞിട്ടുണ്ട്
മുങ്ങാംകുഴിയില്‍
സുരക്ഷിതയായിട്ടുണ്ട്
ജലഭിത്തികള്‍ ഭേദിച്ചു
ആഴങ്ങളില്‍ കലര്‍ന്നിട്ടുണ്ട്
മഴവില്ലിനെ
ആഴങ്ങളില്‍ അണിഞ്ഞിട്ടുണ്ട്
(2)
പാദം പതിച്ചു നില്‍ക്കുമ്പോള്‍
ഭൂമിയാഴങ്ങളില്‍ നിന്നും
ചൂടും
കരച്ചിലും മാത്രം
ഒരേ ഈണമായിട്ടും
ഇലയും കാറ്റും തമ്മിലെന്ത്
കല്ലും ഒഴുക്കും തമ്മിലെന്ത്
മഴത്തുള്ളിയും പൂവും തമ്മിലെന്ത്
ആകാശവും മേഘവും തമ്മിലെന്ത്
മനസ്സിനും ശരീരത്തിനും തമ്മിലെന്ത്
തീയിനും ജലത്തിനും തമ്മിലെന്ത്
ശിലക്കും ശില്പത്തിനും തമ്മിലെന്ത്
ചിറകിനും സ്വാതന്ത്ര്യത്തിനും തമ്മിലെന്ത്
മനസ്സിനും ചിന്തയും തമ്മിലെന്ത്
ഭാവിക്കും ഭൂതത്തിനും തമ്മിലെന്ത്
നക്ഷത്രത്തിനും ഇരുട്ടിനും തമ്മിലെന്ത്..............
വെയിലിനും നിഴലിനും തമ്മിലെന്ത്.........?
കവികള്‍ക്ക് പലതും പറയാനുണ്ട്.
ശാസ്ത്രത്തിനും ചിലത് പറയാനുണ്ട്.
കാഴ്ചക്കാര്‍ക്കും എന്തോ പറയാനുണ്ട്.
ഒരേ ഈണമായിട്ടും,
നമ്മള്‍ മാത്രം സന്ദേഹിക്കുന്നു.
ഞാനും നീയും തമ്മിലെന്ത് !
Tuesday, January 31, 2012
സഞ്ചാരം
ഇടുങ്ങിയ മുറി
തീച്ചൂട്
കുക്കറിലെ സമയനിഷ്ഠകള്‍
മസാലയിലെ കണിശങ്ങള്‍
വേവിന്റെ മനക്കണക്ക്
നോവിന്‍ അടയിരുപ്പ്
തീന്‍ മേശയില്‍
പാത്രങ്ങളുടെ
ചെസ്സ് കളി
ജയിക്കുന്ന വിഭവത്തിന്‍ വൈഭവം
കുതറിമാറാന്‍ ഒരു ജനവാതില്‍
വതിലിനപ്പുറം
എന്റെ സഞ്ചാരപഥം
ലിഫ്റ്റിന്റെ അക്കങ്ങളില്‍ കുടുങ്ങാതെ
വാതിലിന്‍ മുരള്‍ച്ച കേള്‍ക്കാതെ
ഞാനൂര്‍ന്നു പോകുന്നു
നഗരം ചുറ്റി വരുന്നു
കാഴ്ചകള്‍ കാണുന്നു
ആരുമീ മുഖം തിരിച്ചറിയുന്നില്ല
എവിടെയോ
കണ്ടത്
മറന്നത്
ക്ലാവു പിടിച്ചത്
മരിച്ചു പോയത്.....
തിരിച്ചു വന്നെന്റെ
കാഴ്ചയുടെ വാണിഭങ്ങള്‍
വലിച്ചെറിയുന്നു,പൂട്ടിവെക്കുന്നു.
ആരും എന്നെ സംശയിക്കില്ല
ശരീരം ഇവിടെ മടക്കിവെച്ചിരിക്കുന്നു.
തീച്ചൂട്
കുക്കറിലെ സമയനിഷ്ഠകള്‍
മസാലയിലെ കണിശങ്ങള്‍
വേവിന്റെ മനക്കണക്ക്
നോവിന്‍ അടയിരുപ്പ്
തീന്‍ മേശയില്‍
പാത്രങ്ങളുടെ
ചെസ്സ് കളി
ജയിക്കുന്ന വിഭവത്തിന്‍ വൈഭവം
കുതറിമാറാന്‍ ഒരു ജനവാതില്‍
വതിലിനപ്പുറം
എന്റെ സഞ്ചാരപഥം
ലിഫ്റ്റിന്റെ അക്കങ്ങളില്‍ കുടുങ്ങാതെ
വാതിലിന്‍ മുരള്‍ച്ച കേള്‍ക്കാതെ
ഞാനൂര്‍ന്നു പോകുന്നു
നഗരം ചുറ്റി വരുന്നു
കാഴ്ചകള്‍ കാണുന്നു
ആരുമീ മുഖം തിരിച്ചറിയുന്നില്ല
എവിടെയോ
കണ്ടത്
മറന്നത്
ക്ലാവു പിടിച്ചത്
മരിച്ചു പോയത്.....
തിരിച്ചു വന്നെന്റെ
കാഴ്ചയുടെ വാണിഭങ്ങള്‍
വലിച്ചെറിയുന്നു,പൂട്ടിവെക്കുന്നു.
ആരും എന്നെ സംശയിക്കില്ല
ശരീരം ഇവിടെ മടക്കിവെച്ചിരിക്കുന്നു.
Monday, January 16, 2012
പെണ്ണരുവി
എപ്പോഴും ഒരു നദി
എന്റെ ഹൃദയത്തിലുണ്ട്
അണകള്‍ എത്ര കെട്ടിയാലും
അത് പ്രകമ്പനം കൊള്ളുന്നില്ല
ചകിതമായ കാല്‍ വെപ്പുകളോടെ
നീ തൊടുമ്പോള്‍
അത് നിറഞ്ഞു കവിയുന്നു
വിദൂരമായ ഒരോര്‍മ്മയില്‍ നീ മായുമ്പോള്‍
ഓളങ്ങളെ അത് അണച്ചു പിടിക്കുന്നു.
കാറ്റായ് നീ മൂളുമ്പോള്‍
കവിതയായ് അത് പാടുന്നു
പറവയായ് നീ പാറുമ്പോള്‍
ആരവമായത് പൊങ്ങുന്നു
നിന്റെ നിശബ്ദതയെ
ആഴങ്ങളായി അതുള്‍ക്കൊള്ളുന്നു
നിന്റെ വാചാലതയെ
നിഗൂഢമാനന്ദമാക്കുന്നു
കവിതയെന്ന് വിളിച്ചാലോ
നര്‍ത്തനമായത് ഉണരുന്നു
മതിയെന്നാണാജ്ഞയെങ്കില്‍
ഒഴുക്കായത് തുടരുന്നു.
വേനലായ് നീ പടരുമ്പോള്‍
മേഘമായത് പൊങ്ങുന്നു
മകളായ് നീ മാറുമ്പോള്‍
അമ്മയായത് വളരുന്നു............
എന്റെ ഹൃദയത്തിലുണ്ട്
അണകള്‍ എത്ര കെട്ടിയാലും
അത് പ്രകമ്പനം കൊള്ളുന്നില്ല
ചകിതമായ കാല്‍ വെപ്പുകളോടെ
നീ തൊടുമ്പോള്‍
അത് നിറഞ്ഞു കവിയുന്നു
വിദൂരമായ ഒരോര്‍മ്മയില്‍ നീ മായുമ്പോള്‍
ഓളങ്ങളെ അത് അണച്ചു പിടിക്കുന്നു.
കാറ്റായ് നീ മൂളുമ്പോള്‍
കവിതയായ് അത് പാടുന്നു
പറവയായ് നീ പാറുമ്പോള്‍
ആരവമായത് പൊങ്ങുന്നു
നിന്റെ നിശബ്ദതയെ
ആഴങ്ങളായി അതുള്‍ക്കൊള്ളുന്നു
നിന്റെ വാചാലതയെ
നിഗൂഢമാനന്ദമാക്കുന്നു
കവിതയെന്ന് വിളിച്ചാലോ
നര്‍ത്തനമായത് ഉണരുന്നു
മതിയെന്നാണാജ്ഞയെങ്കില്‍
ഒഴുക്കായത് തുടരുന്നു.
വേനലായ് നീ പടരുമ്പോള്‍
മേഘമായത് പൊങ്ങുന്നു
മകളായ് നീ മാറുമ്പോള്‍
അമ്മയായത് വളരുന്നു............
Subscribe to:
Posts (Atom)