പണ്ട്
നിറഞ്ഞൊഴുകും പുഴയുടെ തീരത്തിരുന്ന്
നീ പറഞ്ഞു
പാലമില്ലാതെയും പുഴ കടക്കാമെന്ന്
പൂവില്ലാതെയും പൂക്കാലമുണ്ടാവുമെന്ന്
നിറയാതെയും തുളുമ്പാമെന്ന്
ചിറകില്ലാതെയും ഉയരാമെന്ന്
നിശബ്ദം പാടാമെന്ന്
ഇപ്പോൾ
ഇവിടെ ഒരു പുഴയുണ്ടായിരുന്നോ
എന്ന് നമ്മൾ അതിശയപ്പെടുന്നു
മഴയില്ലാതെയും
മരമില്ലാതെയും
പുഴയില്ലാതെയും
നമ്മൾ കാലം തെറ്റി നിൽക്കെ
നീ എന്നിൽ നിന്നും
ഞാൻ നിന്നിൽ നിന്നും
തൊട്ടെടുക്കുന്നു
നിറം മങ്ങിയ ഒരു മഴവില്ല്