പൂക്കാത്ത നീര്‍മാതളം
എനിക്കത് കാണാപ്പൂമരമായിരുന്നു
പുന്നയൂര്‍ക്കുളത്തു നിന്നും മുളപൊട്ടി,
വളര്‍ന്ന് പന്തലിച്ചാണ്
ഈ മരം എന്നില്‍ പൂക്കുന്നത്
പൂവിന്‍ നിറം പലതായി വിടര്‍ത്തി നോക്കി
പലേ സുഗന്ധങ്ങളായ് മണത്തു നോക്കി
ഇലകള്‍,ചില്ലകള്‍ എല്ലാം പലതായി കണ്ടു നോക്കി
പല രൂപങ്ങളില്‍
പല ഭാവങ്ങളില്‍
അതെന്നില്‍ വളര്‍ന്നു,
എന്നിട്ടും
പൂത്തില്ല
കായ്ചില്ല
മരമായില്ല.
ഞാനൊരു മാതളത്തൈ നട്ടു
മണ്ണില്‍ ഉറപ്പിച്ച്
സൂര്യനെതിരെ നിര്‍ത്തി
ഞാനതിനെ ലാളിച്ചു
കണ്‍ തുറന്നാല്‍ നീര്‍മാതളം
കണ്ണടച്ചാലും നീര്‍മാതളം
അതെന്റെ ജീവഭാവം.
സൂര്യനിലേക്കത് വളരുന്നതും
ഭൂമിയിലേക്കത് നിറയുന്നതും
കിളികള്‍ പാറുന്നതും
കാറ്റതിന്‍ സുഗന്ധം തൊടുന്നതും
കാലമതില്‍ കുതിക്കുന്നതും
ഞാന്‍ കാത്തുകാത്തിരിക്കുന്നു........
തണല്‍
പൂക്കള്‍
സുഗന്ധം
വസന്തങ്ങള്‍
മാധവിക്കുട്ടി,
എന്റെ നീര്‍മാതളം പൂത്തില്ലെങ്കിലും.............