നിഴല്‍ നട്ടുനട്ട് നടന്നു നമ്മള്‍ ...
വെയില്‍ വീണ നെറുകെയില്‍ തിരുകി നമ്മള്‍,
അരികുപോയ പുസ്തകങ്ങള്‍
നെല്‍പ്പാടത്ത് ഒളിഞ്ഞിരുന്ന കാറ്റ്
കണ്ണിറുക്കിയും കളിപറഞ്ഞും
വിളിച്ചു നമ്മെ പിന്‍വിളി
കിളിര്‍ത്ത മണ്ണില്‍
ഇരുന്നു നമ്മള്‍
വരഞ്ഞു നമ്മെ ചെമ്മെ.
പിറകെ വന്നവര്‍
കൈകള്‍ ചൂണ്ടി ‘ദേ’
എല്ലാവരും പോയിക്കഴിഞ്ഞിരുന്നുവെന്നു
കാലടിപ്പാടുകള്‍ നോക്കിയുറച്ചു ..
മണിയൊച്ച കേള്‍ക്കല്ലേ കേള്‍ക്കല്ലേ എന്ന് ഉരുവിട്ട്
കുന്നു കയറി നമ്മള്‍, കുന്നിറങ്ങി നമ്മള്‍
എന്റെ തണല്‍ പറ്റി നീയും ..
നിന്നില്‍ പറ്റി ഞാനും .
ഒഴുക്കുചാലില്‍
നിന്റെ ചാട്ടം പിഴക്കുമ്പോള്‍
എന്റെ പാവാടയില്‍ ചളി ചിത്രങ്ങളായി .....
ഇന്നീ മദ്ധ്യാഹ്നത്തില്‍
തിരിഞ്ഞു നോക്കുമ്പോള്‍
നീളെ കിടക്കുന്ന പാടവും
വിരിച്ചിട്ട ഒരു വരമ്പും
വരമ്പിനൊടുവില്‍ തൊടിയും
തോടിക്കുമെലെ കുന്നും
കുന്നിന്‍ നെറുകയില്‍
സൂര്യന്‍ കൊഴിച്ചിട്ട
അരുണിമയും
മങ്ങിയ ശോഭയോടെ ......!!